Saturday, April 17, 2010

വയനാട് ഭൂസമരം വിവാദങ്ങളും വസ്തുതകളും : പി കൃഷ്ണപ്രസാദ് എംഎല്‍എ

2010 ഫെബ്രുവരി ആറിനാണ് വയനാട്ടിലെ ഭൂരഹിത ആദിവാസികളും കര്‍ഷകത്തൊഴിലാളികളും രണ്ടാംഘട്ട ഭൂസമരം ആരംഭിച്ചത്. ഹാരിസ മലയാളം കമ്പനിയുടെയും ശ്രേയാംസ്കുമാര്‍ എംഎല്‍എ, വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ജോര്‍ജ് പോത്തന്‍ എന്നിവരുള്‍പ്പെടെയുള്ള സ്വകാര്യ ഭൂവുടമകളുടെയും അനധികൃത കൈവശത്തിലുള്ള സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ട ഭൂമിയില്‍ കുടില്‍ കെട്ടി താമസിച്ച് ഏകദേശം 1450 കുടുംബത്തിലെ 2500 ഭൂരഹിതര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദിവാസി ക്ഷേമസമിതിയുടെയും കര്‍ഷകത്തൊഴിലാളി യൂണിയന്റെയും നേതൃത്വത്തിലാണ് ഭൂസമരം. 1970ല്‍ കേവലം ആറുശതമാനം മാത്രമായിരുന്ന സംസ്ഥാനത്തെ ഭൂരഹിത കുടുംബങ്ങളുടെ എണ്ണം 2007ല്‍ 36 ശതമാനമായി വര്‍ധിച്ചിരിക്കയാണ്. ഉദാരവല്‍ക്കരണനയങ്ങള്‍ സൃഷ്ടിച്ച അഭൂതപൂര്‍വമായ കാര്‍ഷികപ്രതിസന്ധിയും കര്‍ഷക ജനസാമാന്യത്തിന്റെ പാപ്പരീകരണവും ഭൂരാഹിത്യത്തിന്റെ പ്രധാന കാരണമാണ്. ആദിവാസി ജനവിഭാഗത്തിന്റെ സാമ്പത്തിക-സാമൂഹ്യ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണം ഭൂരാഹിത്യമാണ്. ആദിവാസികളില്‍ എണ്ണത്തില്‍ കൂടുതലുള്ള പണിയരുടെ ആയുര്‍ദൈര്‍ഘ്യം 40 വയസ്സാണ് എന്നത് ജനാധിപത്യ കേരളത്തിന് അപമാനകരമാണ്. എട്ടുലക്ഷംമാത്രം ജനസംഖ്യയുള്ള വയനാട്ടില്‍ 22,165 ഭൂരഹിത കുടുംബമാണുള്ളത്. ഇതില്‍ 12000ത്തിലേറെ ആദിവാസി കുടുംബമാണ്. നാമമാത്ര ഭൂമിയുള്ള കുടുംബങ്ങള്‍കൂടി എടുത്താല്‍ 26000 ആദിവാസി കുടുംബത്തിന് ഭൂമി നല്‍കേണ്ടതുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഏകദേശം 3180 ആദിവാസി കുടുംബത്തിന് ഒരേക്കര്‍വീതം ഭൂമി നല്‍കി. ശേഷിക്കുന്ന ഭൂരഹിത ആദിവാസി-കര്‍ഷകത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനാവശ്യമായ ഭൂമി കണ്ടെത്തുന്നതില്‍ കാലവിളംബം തുടരുകയാണ്. ഉദ്യോഗസ്ഥര്‍ സ്വാധീനത്തിനു കീഴടങ്ങുന്നതുമൂലം വന്‍കിട ഭൂവുടമകളുടെ കൈയില്‍നിന്ന് അനധികൃത ഭൂമി തിരിച്ചെടുക്കാനുള്ള നടപടി ഇഴഞ്ഞുനീങ്ങുന്നു. ആത്മാര്‍ഥതയും സാമൂഹ്യപ്രതിബദ്ധതയുമുള്ള ചില ഉദ്യോഗസ്ഥര്‍ സ്വീകരിച്ച കര്‍ശന നടപടിയാകട്ടെ നിരന്തരം കേസുകള്‍ നല്‍കി കോടതികളെ സമര്‍ഥമായി ദുരുപയോഗിച്ച് ഭൂപ്രഭുക്കള്‍ വര്‍ഷങ്ങളായി നീട്ടിക്കൊണ്ടുപോവുകയാണ്. ഈ പശ്ചാത്തലത്തിലാണ് വയനാട്ടില്‍ ഭൂരഹിത ആദിവാസികള്‍ രണ്ടാംഘട്ട ഭൂസമരം പ്രഖ്യാപിച്ചത്. ഭൂരഹിതരായ പാവപ്പെട്ട ജനവിഭാഗങ്ങള്‍ നടത്തുന്ന ഭൂസമരത്തിന്റെ പശ്ചാത്തലത്തില്‍ വലതുപക്ഷ രാഷ്ട്രീയ-മാധ്യമ ശക്തികള്‍ വന്‍ വിവാദമാണ് ഉയര്‍ത്തിയത്. സ്വകാര്യ വ്യക്തികള്‍ നിയമപരമായി കൈവശംവയ്ക്കുന്ന ഭൂമി ബലപ്രയോഗത്തിലൂടെ കൈയേറി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്നതാണ് ഭൂസമരത്തിനെതിരെ ഉന്നയിച്ച പ്രധാന വാദം. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പ്രക്ഷോഭകരായ ആദിവാസികളെ നകസലൈറ്റുകളോടാണ് ഉപമിച്ചത്. ഭൂപ്രക്ഷോഭത്തെ സിപിഐ എം പിന്തുണയ്ക്കുന്നതിനാല്‍ ഭരണത്തിന്റെ തണലില്‍ നടത്തുന്ന തെമ്മാടിത്തരമെന്നാണ് നിയമസഭയില്‍ പ്രതിപക്ഷം ആക്ഷേപിച്ചത്. സ്ഥാപനങ്ങളും വ്യക്തികളും കൈവശംവയ്ക്കുന്ന നിയമപരമായി ഉടമസ്ഥാവകാശമുള്ള ഒരു ഭൂമിയിലും ഭൂസമരക്കാര്‍ അവകാശം സ്ഥാപിച്ചിട്ടില്ല. കോടതിവിധികളും സര്‍ക്കാര്‍ ഉത്തരവുകളും ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോര്‍ട്ടുകളും പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ടതെന്നു കണ്ടെത്തിയിട്ടുള്ളതും വന്‍കിടക്കാരായ സ്വകാര്യ കമ്പനികളും ഭൂപ്രമാണിമാരും നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നതുമായ ഭൂമിയില്‍ മാത്രമാണ് ഭൂസമരം. ഈ വസ്തുതകള്‍ അന്വേഷിച്ചറിഞ്ഞ് ബഹുജനങ്ങളെ അറിയിക്കേണ്ട ചുമതല മുഖ്യധാരാ വലതുപക്ഷ മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നില്ല. പ്രത്യേകിച്ചും മാതൃഭൂമി ദിനപത്രം വയനാട്ടില്‍ നിയമവിരുദ്ധമായി ഭൂമി കൈവശം വയ്ക്കുന്ന സ്വന്തം ഉടമയെ ന്യായീകരിച്ച് സ്വയം വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചത്. മാതൃഭൂമിയുടെ ചരിത്രത്തില്‍ തിരുത്താനാകാത്ത ഒരു കളങ്കമായി ഈ തെറ്റ് അവശേഷിക്കും. ശ്രേയാംസ്കുമാറിന്റെ കൈവശഭൂമി:- ശ്രേയാംസ്കുമാറിന്റെ കൈവശത്തിലുള്ള 14 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ഭൂമിയാണെന്ന് ആദ്യമായി പറഞ്ഞതുതന്നെ 2005 ഒക്ടോബര്‍ 10ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ്. നിയമസഭയില്‍ ഉന്നയിച്ച ഒരു ചോദ്യത്തിന്റെ ഉത്തരമായി പ്രസ്തുത ഭൂമിയില്‍ നികുതി സ്വീകരിക്കുന്നില്ലെന്നും പട്ടയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ നടപടിക്രമമനുസരിച്ച് പ്രസ്തുത ഭൂമി തിരിച്ചെടുക്കുന്നതിന് ഉത്തരവിട്ടു. തുടര്‍ന്ന് ഭൂമി ഒഴിപ്പിക്കുന്നതിനായി തഹസില്‍ദാര്‍ കൈയേറ്റക്കാരന് നോട്ടീസ് നല്‍കി. എന്നാല്‍, ഒഴിപ്പിക്കലിനെതിരെ ശ്രേയാംസ്കുമാര്‍ സുല്‍ത്താന്‍ ബത്തേരി സബ്കോടതിയില്‍നിന്ന് സ്റേ സമ്പാദിച്ചു. തുടര്‍ന്ന് അത് ഭൂമി സര്‍ക്കാര്‍ഭൂമിയാണെന്നും നിയമവിരുദ്ധമായി കൈവശം വയ്ക്കുകയാണെന്നും കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. എം പി വീരേന്ദ്രകുമാറും അദ്ദേഹത്തിന്റെ പാര്‍ടിയും എല്‍ഡിഎഫില്‍ ഘടകകക്ഷിയായിരുന്ന വേളയിലാണ് വി എസ് സര്‍ക്കാര്‍ ഹൈക്കോടതിയെ സത്യാവസ്ഥ അറിയിച്ചത്. നിയമവിരുദ്ധമായ കൈയേറ്റം ഒഴിപ്പിച്ച് സര്‍ക്കാര്‍ഭൂമി തിരിച്ചെടുക്കണമെന്ന് 2008 ഫെബ്രുവരി 15ന് ഹൈക്കോടതി വിധി വന്നു. വിധി അംഗീകരിച്ച് സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കുന്നതിന് ശ്രേയാംസ്കുമാര്‍ തയ്യാറായില്ല. പകരം ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. ഹര്‍ജി സ്വീകരിച്ചെങ്കിലും സ്റേ അനുവദിച്ചില്ല. ബത്തേരി സബ്കോടതി പരിഗണിച്ച കേസില്‍ 2010 മാര്‍ച്ച് 11ന് വിധി വന്നു. ഹര്‍ജിക്കാരനെ ഒഴിപ്പിക്കുന്ന നടപടിക്ക് ഇന്‍ജംക്ഷന്‍ അനുവദിച്ച കോടതി എന്നാല്‍ 2008 ഫെബ്രുവരി 15ന്റെ ഹൈക്കോടതി വിധി പ്രകാരം നിയമവിരുദ്ധമായാണ് ഹര്‍ജിക്കാരന്‍ ഭൂമി കൈവശം വയ്ക്കുന്നതെങ്കില്‍ ജില്ലാ കലക്ടര്‍ക്ക് ഭൂമി തിരിച്ചെടുക്കുന്നതിന് ഇന്‍ജംക്ഷന്‍ തടസ്സമല്ല എന്നാണ് വിധി നല്‍കിയത്. മാര്‍ച്ച് 24ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സമരനേതൃത്വവുമായുള്ള ചര്‍ച്ചയില്‍ സബ്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമോപദേശം നേടി സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തന്റെ കൈയിലുള്ള ഭൂമി തന്റെ മുത്തച്ഛന്റെ കാലത്ത് പുഞ്ചശീട്ട് അവകാശപ്രകാരം ലഭിച്ചതാണെന്നും അതില്‍ കോഫീ രജിസ്ട്രേഷനും തോട്ടനികുതിയും ഉണ്ടെന്നും തലമുറകളായി കൈവശമുള്ളതിനാല്‍ പട്ടയം ലഭിക്കാന്‍ അവകാശമുണ്ടെന്നുമാണ് ശ്രേയാംസ്കുമാറിന്റെ വാദം. 1942ല്‍ രണ്ടാംലോക മഹായുദ്ധകാലത്ത് പട്ടിണിയും ക്ഷാമവും വിലക്കയറ്റവും നേരിടാന്‍ ‘ഗ്രോ മോര്‍ ഫുഡ്‘പദ്ധതി പ്രകാരം സര്‍ക്കാര്‍ഭൂമിയില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കൃഷിചെയ്യാന്‍ ബ്രിട്ടീഷ് ഭരണം അനുവദിച്ചതാണ് പുഞ്ചശീട്ട്. 10 മാസത്തില്‍ കവിയാത്ത കാലയളവില്‍ നെല്ല്, മുത്താറി, കപ്പ, പച്ചക്കറികള്‍, ഹ്രസ്വകാല ഭക്ഷ്യവിളകള്‍ എന്നിവ കൃഷിചെയ്ത് വിളവെടുക്കാനുള്ള അവകാശംമാത്രമാണ് ഇത്. യഥാര്‍ഥത്തില്‍ പ്രസ്തുത ഭൂമി സര്‍ക്കാര്‍ഭൂമിയാണെന്നതിന്റെ തെളിവുകൂടിയാണ് പുഞ്ചശീട്ട്. സര്‍ക്കാര്‍ഭൂമിയില്‍ ദീര്‍ഘകാല നാണ്യവിളയായ കാപ്പി കൃഷിചെയ്തതും കോഫീ രജിസ്ട്രേഷന്‍ വാങ്ങിയെടുത്തതും നിയമവിരുദ്ധമാണ്. അച്ഛന്റെ കാലത്തായാലും മുത്തച്ഛന്റെ കാലത്തായാലും കൈയേറ്റം നടത്തുന്നതും നിയമവിരുദ്ധംതന്നെ. സര്‍ക്കാര്‍ഭൂമി എത്ര തലമുറ ആരു കൈവശം വച്ചാലും അതിനു നിയമപരമായ ഉടമസ്ഥാവകാശം ലഭിക്കില്ല. കേരള ഭൂപതിവു നിയമപ്രകാരം (ഗ.ഘ.അ അര) പരമാവധി ഒരേക്കര്‍ ഭൂമിവരെ മാത്രമാണ് സൌജന്യമായോ വിപണിവില അടിസ്ഥാനമാക്കിയോ പതിച്ച് നല്‍കാനാവുക; അതും ഭൂരഹിതര്‍ക്ക്. ശ്രേയാംസ്കുമാറിന്റെ കുടുംബത്തിന് 1000 ഏക്കറിലധികം ഭൂമിയുണ്ടെന്നാണ് അറിയപ്പെടുന്നത്. പൊതു ആവശ്യങ്ങള്‍ക്കായി ഭൂമി പതിച്ചുനല്‍കാന്‍ ഭൂപതിവു നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍, സ്വകാര്യ തോട്ടഭൂമിയായി സര്‍ക്കാര്‍ഭൂമി പതിച്ചു നല്‍കണമെന്ന ശ്രേയാംസ്കുമാറിന്റെ ആവശ്യം നിലവിലുള്ള ഒരു നിയമപ്രകാരവും കോടതികള്‍ക്കോ സര്‍ക്കാരിനോ അനുവദിക്കാനാകില്ല. ഇതാണ് വസ്തുത എന്നിരിക്കെ ശ്രേയാംസ്കുമാറിന്റെ കൈവശഭൂമി സ്വകാര്യഭൂമിയാണെന്ന മാതൃഭൂമിയുടെ വാദം നിലനില്‍ക്കുമോ! (അവസാനിക്കുന്നില്ല)



വെള്ളാരംകുന്നിലെ ഭൂമാഫിയ

വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് പോത്തന്റെയും സഹപങ്കാളികളുടെയും കൈവശമുള്ള വെള്ളാരംകുന്നിലെ ഭൂമിയില്‍ 340 ആദിവാസി കുടുംബമാണ് കുടില്‍കെട്ടി സമരംചെയ്യുന്നത്. സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ട ജന്മഭൂമി കേരള ഭൂപരിഷ്കരണ നിയമം ലംഘിച്ച് ഭൂമാഫിയക്കാര്‍ തട്ടിയെടുത്തതിന്റെ മികച്ച ഉദാഹരണമാണ് വെള്ളാരംകുന്ന്. 1964 ഏപ്രില്‍ 1ന് തോട്ടമായിരുന്ന ഭൂമി പരിധിയില്ലാതെ കൈവശം വയ്ക്കാന്‍ കേരള ഭൂപരിഷ്കരണ നിയമം സെക്ഷന്‍ (81) പ്രകാരം അനുവാദമുണ്ട്. 1864ല്‍ 99 കൊല്ലത്തേക്ക് പാട്ടത്തിന് ചെമ്പ്ര പീക്ക് എസ്റേറ്റ് കമ്പനിക്ക് തേയിലത്തോട്ടമുണ്ടാക്കാനായി ലഭിച്ചതാണ് വെള്ളാരംകുന്നിലെ 180.70 ഏക്കര്‍ ഭൂമി. കമ്പനി തോട്ടമുണ്ടാക്കിയില്ല. 1963ല്‍ പാട്ടക്കാലാവധി കഴിഞ്ഞു. 1964ല്‍ തോട്ടമല്ലാതിരുന്ന 180.70 ഏക്കര്‍ ഭൂമിയും ഭൂപരിധി നിയമപ്രകാരം മിച്ചഭൂമിയായി സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ടതായിരുന്നു. 1966ല്‍ ചെമ്പ്ര പീക്ക് കമ്പനി കാഡ്ബറീസ് ഇന്ത്യ ലിമിറ്റഡ് കമ്പനിക്ക് മറുപാട്ടം നല്‍കുകയും പിന്നീട് 1991ല്‍ ആ ഭൂമിയില്‍ 119.21 ഏക്കര്‍ ഭൂമി വില്‍പ്പന നടത്തുകയുംചെയ്തു. പാട്ടഭൂമി മറുപാട്ടം നല്‍കാനോ വില്‍പ്പന നടത്താനോ നിയമം അനുവദിക്കുന്നില്ല എന്നതിനാല്‍ മേല്‍നടപടികള്‍ക്ക് നിയമസാധുതയില്ല. കേരള ഭൂപരിഷ്കരണ നിയമപ്രകാരം 1970 ജനുവരി 1 മുതല്‍ സംസ്ഥാനത്തെ എല്ലാ ഭൂമിയുടെയും ജന്മാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമായി. ജന്മിവ്യവസ്ഥ ഇല്ലാതായി. ജന്മാവകാശം വാങ്ങുന്നതും വില്‍ക്കുന്നതും നിയമവിരുദ്ധമാണ്. എന്നാല്‍, 1998ല്‍ വെള്ളാരംകുന്ന് ഭൂമിയുടെ മുന്‍ ജന്മിയായിരുന്ന തോര്യമ്പത്ത് തറവാട്ടില്‍നിന്ന് 117.48 ഏക്കര്‍ ഭൂമിയുടെ ജന്മാവകാശം കെ ഇമ്പിച്ചി, എം ശശിധരന്‍ എന്നിവര്‍ രജിസ്റര്‍ചെയ്ത് വാങ്ങി. തുടര്‍ന്ന് 1999ല്‍ മേല്‍പ്പറഞ്ഞവരില്‍നിന്ന് ജന്മാവകാശം ജോര്‍ജ് പോത്തന്‍, പി സി മാത്യു, ജോര്‍ജ് ജോ എന്നിവര്‍ രജിസ്റര്‍ ചെയ്ത് വാങ്ങി. മാര്‍ച്ച് 31ന് നിയമസഭയില്‍ സബ്മിഷന് മറുപടിയായി റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ ജോര്‍ജ് പോത്തന്‍ വെള്ളാരംകുന്ന് ഭൂമിയുടെ ഉടമസ്ഥത അവകാശപ്പെട്ട് സമര്‍പ്പിച്ച രേഖകള്‍ക്ക് നിയമസാധുതയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2002ല്‍ കാഡ്ബറീസ് ഇന്ത്യ കമ്പനി 119.21 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശം ജോര്‍ജ് പോത്തനുള്‍പ്പെടെ മൂന്നുപേര്‍ക്ക് രജിസ്റര്‍ചെയ്ത് നല്‍കി. കെഎല്‍ആര്‍ ആക്ട് 51-ാം വകുപ്പനുസരിച്ച് പാട്ടഭൂമി സര്‍ക്കാരിനു തിരികെ നല്‍കേണ്ടതാണ്; കൈമാറ്റംചെയ്യുന്നതും വില്‍ക്കുന്നതും നിയമവിരുദ്ധമാണ്. സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ട വെള്ളാരംകുന്നിലെ മിച്ചഭൂമിയുടെ ജന്മാവകാശവും കൈവശാവകാശവും വ്യാജരേഖകളുണ്ടാക്കി കൈക്കലാക്കിയ ജോര്‍ജ് പോത്തനും കൂട്ടരും അതില്‍ 50 ഏക്കര്‍ സര്‍ക്കാരിനു തന്നെ വിറ്റ് രണ്ടര കോടി രൂപ വാങ്ങി. സുല്‍ത്താന്‍ ബത്തേരി സബ്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പണം വാങ്ങിയത്. 2007 നവംബര്‍ 24ന് നോര്‍ത്ത് സോ ഡെപ്യൂട്ടി കലക്ടര്‍ (വിജിലന്‍സ്) കോഴിക്കോട്, സംസ്ഥാന ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലും 2010 ഫെബ്രുവരി 8ന് വയനാട് സബ്കലക്ടര്‍ പ്രശാന്ത് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും വെള്ളാരംകുന്നിലെ 179.81 ഏക്കര്‍ ഭൂമിയും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കേണ്ടതാണെന്നും കൃത്രിമരേഖ ചമച്ച് സമര്‍ക്കാര്‍ഭൂമി തട്ടിയെടുത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2008നവംബറില്‍ വെള്ളാരംകുന്നിലെ ഭൂമി തട്ടിപ്പ് സംബന്ധിച്ച് ഈ ലേഖകന്‍ റവന്യൂമന്ത്രിയോട് നിയമസഭയില്‍ ചോദ്യം ചോദിക്കുകയും ആഭ്യന്തരമന്ത്രിക്ക് ഭൂമി തട്ടിപ്പുകാര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലെല്ലാം ജനതാദള്‍ എല്‍ഡിഎഫിന്റെ ഘടകകക്ഷിയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ്-ക്രൈംബ്രാഞ്ച് അന്വേഷണങ്ങള്‍ നടന്നുവരികയാണ്. സര്‍ക്കാര്‍ഭൂമി വിറ്റുകിട്ടിയ രണ്ടര കോടി രൂപയില്‍ തൃപ്തിപ്പെടാതെ നഷ്ടപരിഹാരം 40 കോടി രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ജോര്‍ജ് പോത്തന്‍ വീണ്ടും കോടതിയെ സമീപിച്ചതാണ് വെള്ളാരംകുന്ന് ഭൂമി തട്ടിപ്പു കേസ് സര്‍ക്കാരിന്റെയും റവന്യൂ വകുപ്പിന്റെയും ശ്രദ്ധയില്‍ വരാന്‍ കാരണം. ഹാരിസന്റെ അനധികൃത ഭൂമി ഇന്ത്യന്‍ എക്സ്്പ്രസ് പത്ര ഉടമയും വന്‍കിട വ്യവസായിയുമായ ആര്‍ പി ഗോയങ്കയുടെ നേതൃത്വത്തിലുള്ള ഹാരിസ മലയാളം പ്ളാന്റേഷന്‍ കമ്പനി കേരളത്തില്‍ ടാറ്റയെക്കാള്‍ വലിയ ഭൂപ്രഭുക്കളാണ്. തങ്ങളുടെ കീഴില്‍ 59623.50 ഏക്കര്‍ ഭൂമിയാണ് ഉള്ളതെന്നും എന്നാല്‍ യഥാര്‍ഥ കൈവശം അതിലും കുറവാണെന്നും എച്ച്എംഎല്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പരിശോധനയില്‍ 76769.80 ഏക്കര്‍ ഭൂമി ഈ കമ്പനിവശം ഉണ്ട്. ഇതില്‍ 65767.75 ഏക്കര്‍ പാട്ടഭൂമിയും 11002.05 ഏക്കര്‍ പട്ടയഭൂമിയുമാണ്. വയനാട്ടില്‍മാത്രം കമ്പനിക്ക് 23608.33 ഏക്കര്‍ ഭൂമിയുണ്ട്. ഭൂവിസ്തൃതിയിലുള്ള വന്‍വ്യത്യാസം വ്യക്തമാക്കുന്നത് തങ്ങളുടെ കീഴിലുള്ള മുഴുവന്‍ ഭൂമിയുടെയും രേഖകള്‍ സര്‍ക്കാരിനു സമര്‍പ്പിക്കാനും ഭൂമി തിട്ടപ്പെടുത്താനും പോലും എച്ച്എംഎല്‍ തയ്യാറായിട്ടില്ല എന്നാണ്. ഭൂപരിഷ്കരണ നിയമം പ്രാബല്യത്തില്‍വന്ന് 46 വര്‍ഷം കഴിഞ്ഞിട്ടും ഈ കമ്പനിവശമുള്ള മിച്ചഭൂമി കണ്ടെത്തി വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. 1982ജൂലൈ രണ്ടിന് വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് കേസ് നം.37/1981 പ്രകാരം 1845.22 ഏക്കര്‍ ഭൂമി കമ്പനിവശം മിച്ചഭൂമിയുണ്ടെന്ന് ഉത്തരവിട്ടു. ഇതിനെതിരെ കമ്പനി കോടതിയില്‍ പോയി പുനഃപരിശോധനയ്ക്ക് വിധി സമ്പാദിച്ചു. പിന്നീട് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മിച്ചഭൂമി തിട്ടപ്പെടുത്താന്‍ ഇതേവരെ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. 1970ജനുവരി ഒന്നിനു ശേഷം സംസ്ഥാനത്തെ ഭൂമിയുടെ ജന്മാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. എച്ച്എംഎല്‍ കമ്പനി കൈവശം വച്ചിരുന്ന ഭൂമി ലണ്ടന്‍ കമ്പനിയില്‍നിന്ന് നിയമാനുസൃതം കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ല. സര്‍ക്കാരില്‍നിന്ന് പട്ടയം ലഭിച്ചിട്ടില്ലാത്ത തോട്ടഭൂമിയാണ് കമ്പനി കൈവശം വയ്ക്കുന്നത്. ഭൂമി വില്‍പ്പന നടത്താനുള്ള സ്വതന്ത്രാവകാശം കമ്പനിക്കില്ല. ജന്മാവകാശം നിക്ഷിപ്തമാക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഭൂമി വില്‍ക്കാനോ മറുപാട്ടം കൊടുക്കാനോ കമ്പനിക്ക് അധികാരമില്ല. കോട്ടയത്തെ ചെറുവള്ളി എസ്റേറ്റ് ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സ്ഥാപനത്തിന് വില്‍പ്പന നടത്തിയ നടപടി ഈയിടെ കോടതി തടഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 12658.16 ഏക്കര്‍ ഭൂമി സര്‍ക്കാരിന്റെ അനുമതിയില്ലാതെ കമ്പനി വില്‍പ്പന നടത്തിയിട്ടുണ്ട്. പാട്ടക്കരാറിന്റെയും പാട്ടവ്യവസ്ഥയുടെയും ലംഘനമാണിത്. കരാര്‍ വ്യവസ്ഥകളുടെ ലംഘനം കരാര്‍ റദ്ദാക്കാന്‍ മതിയായ കാരണമാണ്. ദശകങ്ങള്‍ക്കു മുമ്പ് പാട്ടക്കാലാവധി കഴിഞ്ഞ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി സര്‍ക്കാരിനു വിട്ടുകൊടുക്കാതെ കമ്പനി കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. 1957ലെ കേരള ലാന്‍ഡ് കസര്‍വന്‍സി ആക്ട് സെക്ഷന്‍ 11, 12 പ്രകാരം പ്രസ്തുത ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. നിയമവാഴ്ചയെ അംഗീകരിക്കാതെ, അനധികൃത ഭൂമി വിട്ടുകൊടുക്കാതെ, പാട്ടമോ നികുതിയോ അടയ്ക്കാതെ, സര്‍ക്കാര്‍ അനുമതിയില്ലാതെ ഭൂമി വില്‍ക്കാനും മരം മുറിച്ച് വില്‍ക്കാനും മടിക്കാതെ, മിച്ചഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ വന്‍കിട സ്വകാര്യ തോട്ട കമ്പനികള്‍ അരാജകമായി പെരുമാറുന്നത് ഒരു ജനാധിപത്യസമൂഹത്തില്‍ അംഗീകരിക്കാനാവില്ല. ഭൂരഹിതരായ ആയിരക്കണക്കിനു കുടുംബങ്ങളുള്ള നമ്മുടെ നാട്ടില്‍ വന്‍കിട കമ്പനികള്‍ അനധികൃതമായി കൈവശം വയ്ക്കുന്ന അധികഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഹാരിസ മലയാളം ഭൂമി സംബന്ധിച്ച് വിശദമായി പഠനം നടത്തിയ നിവേദിത പി ഹരന്റെ നേതൃത്വത്തിലുള്ള ഉന്നതതല കമ്മിറ്റിയും പ്രസ്തുത റിപ്പോര്‍ട്ട് സംബന്ധിച്ച് നിയമോപദേശം നല്‍കിയ ജസ്റിസ് എന്‍ മനോഹരന്‍ കമ്മിറ്റിയും കമ്പനിവശം അനധികൃത ഭൂമിയാണുള്ളതെന്നും പ്രസ്തുത ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാരിന് നിയമപരമായി അധികാരമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. വയനാട്ടില്‍ എച്ച്എംഎല്‍ കമ്പനിയുടെ കൈവശത്തിലുള്ള തോട്ടമല്ലാത്ത തരിശുഭൂമിയിലാണ് ഏകദേശം 1100 ഭൂരഹിത കുടുംബങ്ങള്‍ കുടില്‍കെട്ടി സമരം നടത്തുന്നത്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സമരസമിതി പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ എച്ച്എംഎല്‍ ഭൂമി സംബന്ധിച്ച ലാന്‍ഡ് റവന്യൂ കമീഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് മന്ത്രിസഭ ഉപസമിതി പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനകം 21985 ആദിവാസികളടക്കം 1,11,187 ഭൂരഹിതര്‍ക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമി വിതരണംചെയ്തത്. ഇതൊരു റെക്കോഡാണ്. വലതുപക്ഷ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വസ്തുതകള്‍ ജനങ്ങളെ അറിയിക്കാന്‍ വിസമ്മതിക്കുകയാണ്. യഥാര്‍ഥ കൈയേറ്റക്കാരായ ഭൂപ്രമാണിമാരെയും ഭൂമാഫിയക്കാരെയും തുറന്നുകാണിച്ച് നിയമനടപടികള്‍ക്ക് വിധേയമാക്കാനും ഭൂമിക്കായി പൊരുതുന്ന ഭൂരഹിതരെയും ആദിവാസികളെയും സംരക്ഷിക്കാനും ആത്മാര്‍ഥമായി പരിശ്രമിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണയോടെ വന്‍കിട ഭൂവുടമകളും പ്രതിപക്ഷവും നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ക്ക് ജനപിന്തുണ ലഭിക്കുകയില്ല. അനധികൃത ഭൂമി എക്കാലവും കൈവശം വയ്ക്കാന്‍ ഭൂപ്രഭുക്കള്‍ക്ക് സാധിക്കില്ല എന്ന് തെളിയിക്കാന്‍ വയനാട്ടിലെ ഭൂപ്രക്ഷോഭത്തിനു കഴിഞ്ഞു. മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാകുന്നതുവരെ ഈ പ്രക്ഷോഭം തുടരുകതന്നെ ചെയ്യും.

No comments:

Post a Comment