Monday, April 19, 2010

ലാവ്ലിന്‍: സിപിഐ എം നിലപാട് ശരിയെന്ന് തെളിഞ്ഞു-യെച്ചൂരി

ആലപ്പുഴ: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലാവ്ലിന്‍ കേസില്‍ പ്രതിയാക്കിയത് രാഷ്ട്രീയപ്രേരിതമായാണെന്ന പാര്‍ടിയുടെ നിലപാട് ശരിവയ്ക്കുന്നതാണ് സിബിഐയുടെ പുതിയ വെളിപ്പെടുത്തലെന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ എം തകര്‍ന്നുകാണാന്‍ ആഗ്രഹിച്ചവരെ സിബിഐ വെളിപ്പെടുത്തല്‍ നിരാശരാക്കും. രണ്ടു വര്‍ഷമായി ലാവ്ലിന്‍ പ്രശ്നത്തില്‍ പിണറായിയെയും സിപിഐ എമ്മിനെയും വേട്ടയാടുകയായിരുന്നു പാര്‍ടിവിരുദ്ധര്‍. പാര്‍ടിയുടെയും ഇടതുപക്ഷത്തിന്റെയും വിശ്വാസ്യത തകര്‍ക്കുകയായിരുന്നു ഇക്കൂട്ടരുടെ ലക്ഷ്യം. അതാണ് ഇപ്പോള്‍ തകര്‍ന്നത്-യെച്ചൂരി പറഞ്ഞു. ഇ എം എസിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സിപിഐ എം ആലപ്പുഴ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി. കേരളത്തിലും പശ്ചിമബംഗാളിലും സിപിഐ എം തകരണമെന്നാണ് നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ആഗ്രഹം. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്തോ-അമേരിക്കന്‍ സിവില്‍ ആണവകരാറിനെ ശക്തമായി എതിര്‍ത്തതിന്റെ പേരിലാണ് കേരളത്തില്‍ ലാവ്ലിന്‍ പ്രശ്നം ഉയര്‍ത്തിയതും ബംഗാളില്‍ മവോയിസ്റ്റുകളും തൃണമൂല്‍ കോഗ്രസും കൈകോര്‍ത്തതും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ബംഗാളില്‍ 175 സിപിഐ എം പ്രവര്‍ത്തകരെയാണ് ഇവര്‍ കൊന്നത്. മുസ്ളിം വിധ്വംസക ശക്തികളും ചില സന്നദ്ധ സംഘടനകളും നക്സലൈറ്റകളും ഈ ഗൂഢസംഘത്തിനു പിന്നിലുണ്ട്. ഇതുകൊണ്ടൊന്നും സിപിഐ എമ്മിനെ തകര്‍ക്കാനാകില്ല. നവലിബറല്‍ സാമ്പത്തിക നയങ്ങളും ഊഹക്കച്ചവടവും ഭക്ഷ്യസാധനങ്ങളുടെ അവധിവ്യാപാരവുമാണ് അതിരൂക്ഷമായ വിലക്കയറ്റത്തിനു കാരണം. ഈ നയങ്ങള്‍ തിരുത്തിക്കാന്‍ ശക്തമായി പ്രക്ഷോഭം മാത്രമാണ് ജനങ്ങള്‍ക്കു മുന്നിലുള്ളത്. ഈ ഉത്തരവാദിത്തം ഇടതുപക്ഷം നിര്‍വഹിക്കും. ഇന്ത്യയെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജൂനിയര്‍ പാര്‍ട്ണറാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിനുവേണ്ടിയാണ് കൊച്ചി ഐപിഎല്‍ ടീം രൂപംനല്‍കിയതെന്ന കേന്ദ്രമന്ത്രി ശശി തരൂരിന്റെ വാദം യെച്ചൂരി തള്ളിക്കളഞ്ഞു. കേരളത്തിന്റെ പ്രശ്നമാണ് അദ്ദേഹത്തിനു പ്രധാനമെങ്കില്‍ കേരളത്തിന്റെ വെട്ടിക്കുറച്ച ഭക്ഷ്യധാന്യവിഹിതം പുനഃസ്ഥാപിക്കുന്നതിനും കൊച്ചി മെട്രോ റെയില്‍വേ യാഥാര്‍ഥ്യമാക്കുന്നതിനും തരൂര്‍ യത്നിക്കണം. ഐപിഎല്ലുമായി ബന്ധപ്പെട്ട ആയിരക്കണക്കിനു കോടി രൂപയുടെ ഉറവിടത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുസമ്മേളനത്തില്‍ മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായി. മന്ത്രി ഡോ. തോമസ് ഐസക് സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു സ്വാഗതം പറഞ്ഞു.

1 comment: